സ്വപ്‌നയും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തി; 152 കിലോ വരെ ഭാരമുള്ള ബാഗുകള്‍ വന്നു


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്‌ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്‌. 

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 

2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 

152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതില്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്‌.

താനാണ് ബാഗേജ് ക്ലിയര്‍ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെയാണ് ഒളിവില്‍ പോകുന്നതിന് മുമ്പായി സ്വപ്‌ന ബാഗ് സുഹൃത്തിനെ ഏല്‍പ്പിച്ചത്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതില്‍ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്.

Source link

Share

Leave a Reply

Your email address will not be published. Required fields are marked *