വിദേശ കൺസൽട്ടൻസി: സി.പി.എമ്മിൽ വീണ്ടും യുദ്ധമുഖം തുറക്കുന്നു


: സർക്കാർ പദ്ധതിയിൽ വിദേശ കമ്പനിയെ കൺസൽട്ടൻസിയായി നിയമിച്ചതിനെച്ചൊല്ലി സി.പി.എമ്മിൽ വീണ്ടും യുദ്ധമുഖം തുറക്കുന്നു. കേരള സർക്കാരിന്റെ പദ്ധതികൾ പി.ഡബ്ള്യു.സി. ഉൾപ്പെടെയുള്ള വിദേശ കമ്പനികളെ ഏൽപ്പിച്ച നടപടികൾ കേന്ദ്രകമ്മിറ്റി പരിശോധിക്കും. നയലംഘനം തിരുത്താൻ മുഖ്യമന്ത്രിയോടും കേരള ഘടകത്തോടും ആവശ്യപ്പെട്ടേക്കും.

നിലവിലുള്ള കൺസൽട്ടൻസി കരാർ റദ്ദാക്കണമെന്ന പാർട്ടി നിലപാട് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതായും അറിയുന്നു. ഈ തീരുമാനം പി.ബി. അംഗം എസ്. രാമചന്ദ്രൻ പിള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ടു ചെയ്തു. തുടർന്നാണ് കൺസൽട്ടൻസി കരാർ റദ്ദാക്കാനുള്ള തീരുമാനം. ഈയാഴ്ച അവസാനം വിളിച്ചുചേർത്തിട്ടുള്ള സി.പി.എം. കേന്ദ്രകമ്മിറ്റിയോഗം കേരളത്തിലെ വിവാദ വിഷയങ്ങൾ പരിഗണിക്കും.

എസ്.എൻ.സി. ലാവലിൻ കരാറിനുശേഷം കേരളത്തിലെ പാർട്ടി സർക്കാർ കൈെക്കൊണ്ട ഗുരുതരമായ നയലംഘനമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പാർട്ടി നിർദേശത്തിനു വിരുദ്ധമായി കെ.പി.എം.ജി. കമ്പനിയെ റീബിൽഡ് കേരളയിൽ വീണ്ടും സഹകരിപ്പിക്കുന്നതും ഏണസ്റ്റ് ആൻഡ്‌ യങ് പോലുള്ള കമ്പനികളെ വിവിധ പദ്ധതികളിൽ പങ്കെടുപ്പിക്കുന്നതുമൊക്കെ കേന്ദ്രകമ്മിറ്റി പരിശോധിക്കുമെന്ന് സി.പി.എം. വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു.

കെ.പി.എം.ജി.യെ റീബിൽഡ് കേരള ഏൽപ്പിച്ചപ്പോൾതന്നെ പാർട്ടിയിൽ എതിർപ്പുയർന്നിരുന്നു. കമ്പനിയെ ഒഴിവാക്കാൻ അന്ന് പി.ബി നിർദേശിച്ചത് നടപ്പാക്കി. സമീപകാലത്ത് വീണ്ടും സർക്കാർ കെ.പി.എം.ജി.യെ സമീപിച്ചു. ഇക്കാര്യവും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. ഇ-മൊബിലിറ്റി അടക്കമുള്ള പദ്ധതികളിൽ വിദേശ കമ്പനികളെ ചുമതലപ്പെടുത്തിയതും പരിശോധിക്കും.

വിദേശ കമ്പനികളോടുള്ള സമീപനത്തിൽ ജാഗ്രത വേണമെന്നാണ് സി.പി.എം. നയം. ലാവലിൻ കരാറിൽ ഇതു ലംഘിക്കപ്പെട്ടതായി ഇ. ബാലാനന്ദൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ കമ്പനികളെ പൂർണമായി മാറ്റിനിർത്താനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന കേന്ദ്രനേതാക്കളിൽ ചിലരുടെ വാദം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ വിദേശ കമ്പനികളുടെ സാന്നിധ്യമുണ്ടെങ്കിൽ പ്രായോഗികമായി പാർട്ടിക്കു തടയാൻ കഴിയില്ലെന്നാണ് സമീപനമെന്ന് ഒരു പി.ബി.യംഗം പ്രതികരിച്ചു.Source link

Share

Leave a Reply

Your email address will not be published. Required fields are marked *